മസ്കത്ത്: ഒമാനിൽ വാരാന്ത്യ അവധി മൂന്ന് ദിവസമായി നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് തൊഴിൽ മന്ത്രി ഡോ.മഹദ് ബിൻ സഈദ് അൽ ബുഐവിന്. പ്രവൃത്തി ദിവസം 4 ദിവസമാക്കാനുള്ള പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ പിന്തുണയോടെ രാജ്യത്തെ മിനിമം വേതനം 500 റിയാൽ ആക്കി ഉയർത്തുന്നതിനെ കുറിച്ചും തൊഴിലന്വേഷകർക്ക് ജോലി ലഭിക്കുന്നതുവരെ ശമ്പളം നൽകുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിനും മന്ത്രി മറുപടി വ്യക്തമാക്കി. മിനിമം വേതനം ഉയർത്താനുള്ള സാധ്യതയെക്കുറിച്ച് വിവിധ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇത് മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 86,000 ത്തിലധികം പൗരൻമാർക്ക് പൊതു, സ്വകാര്യ മേഖലകളിൽ ജോലി ലഭ്യമാക്കിയതായി മന്ത്രി പറഞ്ഞു. തൊഴിലവസരങ്ങളുടെ സ്വദേശിവൽക്കരണത്തിന് ഒരു പുതിയ സംവിധാനം കണ്ടെത്തുക, ദേശീയ തൊഴിൽ നയം രൂപീകരിക്കുക തുടങ്ങി നിരവധി തന്ത്രപരമായ പരിപാടികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.