തിരുവനന്തപുരം: സംഘപരിവാറിനെതിരായ സാകിയ ജഫ്രിയുടെ പോരാട്ടങ്ങൾക്കൊപ്പം മതേതര ഇന്ത്യ ഒന്നിക്കണമെന്ന ആഹ്വാനമാണ് എഹ്സാൻ ജഫ്രിയുടെ ഓർമ്മകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാകിയയ്ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ ഓർമദിനത്തിൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
മുൻ കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ ഓർമദിവസമാണിന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ പൊലിഞ്ഞിട്ട് രണ്ട് ദശാബ്ദം കഴിഞ്ഞിരിക്കുന്നു. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിക്ക് നേരെ സംഘപരിവാർ കലാപകാരികൾ ആക്രമണം നടത്തിയപ്പോൾ കോളനി നിവാസികൾ എഹ്സാൻ ജഫ്രിയുടെ വീട്ടിലാണ് അഭയം തേടിയത്. ജീവൻ രക്ഷിക്കാൻ ഓടിയെത്തിയവരെ രക്ഷപ്പെടുത്താൻ ജഫ്രി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഭരണകൂടം മുഖം തിരിക്കുകയായിരുന്നു. തുടർന്ന് സംഘപരിവാർ നടത്തിയ തീവയ്പ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഇല്ലാതാവുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.