തിരുവനന്തപുരം: ചാലക്കുടി പുഴയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ കേരള ഷോളയാറിൽ നിന്ന് വെള്ളം തുറന്നുവിടാൻ നിർദ്ദേശം നൽകി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നദീതടത്തിൽ കുടിവെള്ളം, കൃഷി, ജലസേചന പദ്ധതികൾ എന്നിവയ്ക്ക് ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്ത സാഹചര്യം ജനപ്രതിനിധികൾ വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി, കൃഷിമന്ത്രി, ജലവിഭവ മന്ത്രി, എം.എൽ.എമാർ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കേരള ഷോളയാറിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് പ്രതിദിനം 0.6 എം.സി.എം എന്ന നിരക്കിൽ 10 ദിവസത്തേക്ക് അധിക ജലം തുറന്നുവിടാൻ മന്ത്രി കൃഷ്ണൻകുട്ടി നിർദ്ദേശിച്ചത്. സംസ്ഥാന വൈദ്യുതി ബോർഡിന് 1.6 കോടി രൂപയുടെ വൈദ്യുതി ഉൽപാദന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, വേനൽ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 22 അടി കുറവാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇടുക്കി ഡാമിലെ ജലനിരപ്പ് 2376.24 അടിയായിരുന്നു. അതായത് ഡാമിന്റെ സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് 49.50 ശതമാനം മാത്രമാണ്. ജലനിരപ്പ് 2199 അടിയോട് അടുത്തെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിർത്തേണ്ടിവരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കും. മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ 670 ലിറ്റർ വെള്ളം വേണം. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഇതേ ദിവസം വരെ 3287 മില്ലീമീറ്റർ മഴ ലഭിച്ചു. എന്നാൽ ഇത്തവണ 3743 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അതായത് ഇത്തവണ 456 മില്ലിമീറ്റർ കുറവാണ്.