തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയെ നിയന്ത്രിക്കാൻ കൊണ്ടുവന്ന പ്രമേയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു. വി.സിയെ നിയന്ത്രിക്കാൻ കെ.ടി.യു സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും ചേർന്ന് കൊണ്ടുവന്ന പ്രമേയമാണ് ഗവർണർ സസ്പെൻഡ് ചെയ്തത്. സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്, ഗവേണിംഗ് ബോർഡ് തുടങ്ങിയ സമിതികൾ കൈക്കൊണ്ട നിയമവിരുദ്ധ തീരുമാനങ്ങൾ തടഞ്ഞുകൊണ്ടാണ് ഗവർണർ ഉത്തരവിറക്കിയത്.
വിസിയുടെ നടപടികൾ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചത്, വി.സി ജീവനക്കാരെ സ്ഥലംമാറ്റിയത് പുനഃപരിശോധിക്കാൻ മറ്റൊരു സമിതിയെ നിയോഗിച്ചത്, വി.സി ഗവർണർക്ക് അയക്കുന്ന കത്തുകൾ അംഗീകാരത്തിനായി സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം തുടങ്ങിയ തീരുമാനങ്ങളാണ് ഗവർണർ തടഞ്ഞത്.
വി.സിയുടെ എതിർപ്പോടെ എടുത്ത തീരുമാനങ്ങൾ സർവകലാശാലയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് വി.സി ഡോ. സിസ തോമസ് ഗവർണറെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് ഈ നിയമവിരുദ്ധ തീരുമാനങ്ങൾ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഗവർണർ ഉത്തരവിറക്കിയത്.