കേപ്ടൗൺ: വനിതാ ടി 20 ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച വൈകിട്ട് 6.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനെ തോൽപിച്ച് ഗ്രൂപ്പ് ബി ചാംപ്യന്മാരായതോടെയാണ് ഇന്ത്യ–ഓസീസ് സെമി ഫൈനലിന് അരങ്ങൊരുങ്ങിയത്. ഗ്രൂപ്പ് ബി ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാർ നേരിടും.
പാക്കിസ്ഥാനെ 114 റൺസിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് അവസാന ഗ്രൂപ്പ് മത്സരം ആഘോഷമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. നാറ്റ് സിവർ (40 പന്തിൽ 81), ഡാനി വ്യാറ്റ് (33 പന്തിൽ 59) എന്നിവർ അർധസെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുത്തു.