ഡൽഹി: 25,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള കരാർ ടാറ്റ മോട്ടോഴ്സിന്. റൈഡ്-ഹെയ്ലിംഗ് കമ്പനിയായ ഊബറാണ് ടാറ്റ മോട്ടോഴ്സിന് കരാർ നൽകിയത്. കരാർ പ്രകാരം ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫ്ലീറ്റ് ഓപ്പറേറ്റർമാരെ പങ്കാളികളാക്കിയാണ് യൂബർ ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുക.
ഈ മാസം മുതൽ ടാറ്റ മോട്ടോഴ്സ് ഘട്ടം ഘട്ടമായി വാഹനങ്ങൾ വിതരണം ചെയ്യും. എന്നിരുന്നാലും, കരാറിന്റെ മൂല്യത്തെക്കുറിച്ചോ ഡെലിവറി സമയത്തെക്കുറിച്ചോ രണ്ട് കമ്പനികളും പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് സുസ്ഥിര മൊബിലിറ്റി കൊണ്ടുവരാൻ ഊബർ പ്രതിജ്ഞാബദ്ധമാണെന്ന് ഊബർ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിംഗ് പ്രതികരിച്ചു. അതിനുള്ള ഒരു സുപ്രധാന നീക്കമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ടാറ്റ മോട്ടോഴ്സുമായുള്ള ഈ പങ്കാളിത്തം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.