കൊച്ചി: അഭിഭാഷകൻ സൈബി ജോസ് ഹാജരായ കേസിലെ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്.
അനുകൂല വിധി സമ്പാദിക്കാമെന്ന് അറിയിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉൾപ്പെടെ മൂന്ന് ജഡ്ജിമാരുടെ പേരിൽ അഭിഭാഷകൻ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് പത്തനംതിട്ട സ്വദേശി ബാബു നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ അസാധാരണ നടപടി. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നിവർക്ക് ഇരയായ തൻ്റെ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് പരാതിയിൽ പറയുന്നു. അന്ന് പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ഹാജരായെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതി പറഞ്ഞു.
തുടർന്ന് 2022 ഏപ്രിൽ 29ന് പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ പുനഃപരിശോധിച്ചു. പ്രതികളുടെ ജാമ്യ ഹർജി വന്നതിന് പിന്നാലെ വാദി ഭാഗത്തിന് നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ്.എച്ച്.ഒയ്ക്കായിരുന്നു നിർദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇരയുടെ വാദങ്ങൾക്ക് അഭിഭാഷകർ ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് കോടതി അന്വേഷിച്ചപ്പോൾ നോട്ടീസ് നൽകിയെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. എന്നാൽ നോട്ടീസ് നൽകിയിട്ടില്ലെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടു.