കൊച്ചി: എറണാകുളം കളമശേരിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ കേസിലെ മുഖ്യപ്രതി ജുനൈസ് പിടിയിൽ. മണ്ണാർക്കാട് സ്വദേശി ജുനൈസാണ് മലപ്പുറത്ത് നിന്ന് പിടിയിലായത്. സുനാമി ഇറച്ചി റാക്കറ്റിലേക്കെത്താനുള്ള പ്രധാന കണ്ണി കൂടിയാണ് ജുനൈസ്.
കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി എങ്ങനെ എത്തി, ഈ ഇറച്ചി എവിടെയൊക്കെ പോയി, ഈ ശൃംഖലയിലെ മറ്റ് കണ്ണികൾ ആരൊക്കെ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ജുനൈസ്. കൈപ്പടമുകളിൽ വീട് വാടകയ്ക്കെടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം ചെയ്ത ജുനൈസിനെക്കുറിച്ച് ഒരാഴ്ചയായി പൊലീസിന് ഒരു വിവരവുമില്ലായിരുന്നു. ആദ്യം ഫോണിൽ പ്രതികരിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.
500 കിലോ അഴുകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 49 ഹോട്ടലുകളുടെ ബില്ലുകൾ നഗരസഭയ്ക്ക് ലഭിച്ചു. ഇവർക്കൊപ്പം പൊലീസ് നടത്തിയ റെയ്ഡിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തതായാണ് വിവരം. ഇതിലെല്ലാം സ്ഥിരീകരണം ലഭിക്കണമെങ്കിൽ ജുനൈസിനെ പിടികൂടണമായിരുന്നു.