തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഘടകങ്ങൾ സംയോജിപ്പിക്കുന്നതിനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി കെട്ടിടവും വർക്ക്ഷോപ്പും നൽകാൻ തയ്യാറെന്ന് മന്ത്രി ആന്റണി രാജു. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്ജമാര്ഗങ്ങള് എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനവും എക്സ്പോയുമായ ‘ഇവോൾവ്’ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇ-വാഹന രംഗത്ത് കേരളം വലിയ മുന്നേറ്റം നടത്തും. വരാനിരിക്കുന്ന സമയം ഇ-മൊബിലിറ്റിയുടേതാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരളം ഈ രംഗത്ത് ഒരു പടി മുന്നേ നടന്നത്. നിലവിൽ 40 ഇ-ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. 400 എണ്ണം കൂടി പുതുതായി വാങ്ങും. ഇതുകൂടാതെ ഡീസൽ ബസുകൾ ഇലക്ട്രിക് ആക്കാനാകുമോ എന്ന കാര്യത്തിൽ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സബ്സിഡി, റിബേറ്റ്, നികുതി ഇളവുകൾ എന്നിവ നൽകുന്നുണ്ട്. കേരളത്തിൽ മൂന്ന് ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി രാമേശ്വർ തേലി അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ബിപിസിഎൽ എന്നിവയുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. കേരളത്തിൽ ഹൈഡ്രജൻ ഹബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നൈപുണ്യ വികസന സംവിധാനം ഒരുക്കുമെന്നും ആദി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. അസാപ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ചാണിത്.