കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീൻ ഉൾപ്പെടെ 8 പേരാണ് രാജിവെച്ചത്. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപികയായ ഫൗസിയ, ഓഡിയോ വിഭാഗം അദ്ധ്യാപകൻ വിനോദ്, സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽകുമാർ എന്നിവരാണ് രാജിവച്ചത്. ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവച്ചത്. അധ്യാപകർക്ക് ഗുണനിലവാരമില്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാനാവില്ലെന്ന് ഇവർ പറഞ്ഞു. 18ന് തന്നെ ശങ്കർ മോഹന് രാജിക്കത്ത് നൽകിയിരുന്നുവെന്നും അധ്യാപകൻ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകരുടെ കൂട്ട രാജി പുറത്തുവന്നത്. മന്ത്രി ആർ ബിന്ദു നേരിട്ടെത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. ഉടൻ തന്നെ പുതിയ ഡയറക്ടറെ കണ്ടെത്തുമെന്നും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്തുമെന്നും മന്ത്രി പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഡയറക്ടറുടെ വസതിയിൽ ജോലിക്ക് നിയോഗിക്കില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും പിന്നാക്ക വിഭാഗങ്ങളുടെ പരാതികൾ പരിഹരിക്കാൻ വിദ്യാർഥി ക്ഷേമ സിമിതി എന്ന പേരിൽ പുതിയ കമ്മിറ്റി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനകം പഠനം പൂർത്തിയാക്കിയവർക്ക് മാർച്ച് 30 നകം സർട്ടിഫിക്കറ്റ് നൽകും.