തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുടെ പേരിൽ അടപ്പിച്ച എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അപകടകരമായ വൈറസുകളും ബാക്ടീരിയകളും ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കൾ ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ പടരാൻ സാധ്യതയുണ്ട്. അതിനാൽ ജീവനക്കാർക്ക് പകര്‍ച്ചവ്യാധികള്‍, പരിക്കുകൾ, മറ്റ് രോഗങ്ങൾ എന്നിവയില്ലെന്ന് ഉറപ്പാക്കാനാണ് വൈദ്യപരിശോധന നടത്തുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നവർക്കെതിരെയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് റെഗുലേഷൻസ് അനുസരിച്ച് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കേണ്ടതുണ്ട്. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർ സ്ഥാപനത്തിലുണ്ടെങ്കിൽ എത്രയും വേഗം ഹെൽത്ത് കാർഡ് എടുപ്പിക്കണം. അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.