കൊച്ചി: സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്ന് മാസത്തിനകം വേതനം പുനഃപരിശോധിക്കാനാണ് നിർദേശം. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 2018ലാണ് സംസ്ഥാന സർക്കാർ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചത്.
വേതന വർദ്ധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇതിനകം തന്നെ സമരത്തിലാണ്. ദിവസവേതനം 1500 രൂപയാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ദിവസ വേതനം 1,500 രൂപയായി ഉയർത്തുന്നതിനൊപ്പം കരാർ നിയമനങ്ങൾ നിർത്തണമെന്നും ഇടക്കാലാശ്വാസമായ 50 % ശമ്പള വർധനയെങ്കിലും ഉടൻ നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി ലേബർ കമ്മീഷണർ സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നാലെയായിരുന്നു തൃശൂരിലെ സൂചനാ പണിമുടക്ക്.