തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനു തുടക്കം. രാവിലെ ഒമ്പത് മണിയോടെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ ഷംസീറും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികൾക്കിടയിലും കേരളം സാമ്പത്തിക വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ബജറ്റ് സമ്മേളനമാണ് നടക്കുന്നത്. 33 ദിവസം നീളുന്ന സമ്മേളനം ഫെബ്രുവരി മൂന്നിനു അവതരിപ്പിക്കും. 6 മുതൽ 8 വരെയാണ് ബജറ്റിൻ മേലുള്ള പൊതുചർച്ച. 2023-24 വർഷത്തെ സാമ്പത്തിക നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ സമ്മേളനം നടക്കും. ബജറ്റിൻമേലുള്ള രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്.
ഇന്നത്തെ ഗവർണറുടെ നയപ്രഖ്യാപനത്തിനു ശേഷം, ജനുവരിയിൽ ബുധനാഴ്ച ഒരു ദിവസം മാത്രമേ സഭയുണ്ടാകൂ. ബാക്കി ദിവസം അവധിയായിരിക്കും. ഫെബ്രുവരി ഒന്നിനു പുനരാരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി 10 നു വീണ്ടും അവധിയിൽ പ്രവേശിക്കും. ഇത് ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും.