കൊല്ലം: കൊല്ലം ആയൂരിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിനിരയായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അജയകുമാറാണ് മരിച്ചത്. മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഒരു കൂട്ടം മദ്യപാനികൾ അദ്ദേഹത്തെ ആക്രമിച്ചത്. തൊട്ടുപിന്നാലെ അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപരുടെ ആക്രമണത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളോടൊപ്പം ബൈക്കിൽ വരികയായിരുന്നു അജയകുമാർ. ഈ സമയം നാലുപേർ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. വഴിമധ്യേ, വിദ്യാർത്ഥിനിയായ മകളോട് അവർ മോശമായി സംസാരിച്ചു. തുടർന്ന് മകളെ വീട്ടിൽ ഇറക്കി തിരികെ പോയി ചോദിക്കുകയായിരുന്നു. ഇതിന്റെ പേരിൽ അജയകുമാർ ക്രൂരമായ മർദ്ദനമാണ് നേരിട്ടത്. ദേഹമാസകലം മർദ്ദനമേറ്റതായും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതായുമാണ് വിവരം.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ അജയകുമാർ മുറിയിൽ കിടക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയില്ലെന്ന് ഭാര്യ ദീപ്തി പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പുറത്തുപോയ ഇദ്ദേഹത്തെ പിന്നീട് സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടവും അന്ത്യകർമങ്ങളും കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന് കുടുംബം ഇന്ന് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.