തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഹർത്താൽ ആക്രമണ കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു. കണ്ണൂർ ജില്ലയിൽ എട്ട് പേരുടെ സ്വത്തുക്കൾ ഇന്ന് കണ്ടുകെട്ടും. കണ്ണൂർ താലൂക്കിലെ മാവിലായിയിലെ നൗഷാദിന്റെ അഞ്ച് സെന്റ് ഭൂമിയും കടമ്പൂരിലെ കെ.വി നൗഷാദിന്റെ രണ്ടര സെന്റ് സ്ഥലത്തിന്റെയും കണ്ടുകെട്ടൽ നടപടികൾ പൂർത്തിയായി. ബാക്കിയുള്ളവരുടെ സ്വത്തുക്കൾ ഇന്ന് വൈകുന്നേരത്തോടെ കണ്ടുകെട്ടും. കാസർകോട്, കോഴിക്കോട്, വയനാട്, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജപ്തി പൂർത്തിയായി.
കോഴിക്കോട്ട് 23 പ്രവർത്തകരുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇവർക്കെല്ലാം നോട്ടീസ് നൽകിയിട്ടുമുണ്ട്. ഇന്ന് വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. പലർക്കും സ്വന്തമായി വസ്തുവകകൾ ഇല്ലെന്നാണ് കണ്ടെത്തൽ.
വൈകിട്ട് അഞ്ചിനകം കളക്ടർമാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് നൽകും. അതേസമയം മലപ്പുറത്ത് ആളുമാറി ജപ്തി ചെയ്തെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവും എടരിക്കോട് അഞ്ചാം വാർഡ് മെമ്പറുമായ സി.ടി അഷ്റഫിന്റെ ഭൂമിയും കണ്ടുകെട്ടിയെന്നാണ് പരാതി.