റൂർക്കല: ഹോക്കി ലോകകപ്പിൽ പൂൾ എയിൽ നിന്ന് ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയും പൂൾ ബിയിൽ നിന്ന് രണ്ടാം സ്ഥാനത്തുള്ള ബെൽജിയവും നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 9-2 ന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ പൂൾ ചാമ്പ്യൻമാരായി അവസാന എട്ടിൽ ഇടം നേടിയത്. ജപ്പാനെ 7-1നാണ് ബെൽജിയം തോൽപ്പിച്ചത്. പൂൾ എയിലെ ഫ്രാൻസ്-അർജന്റീന മത്സരം സമനിലയിൽ അവസാനിച്ചു (5–5).
പൂൾ എയിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീനയും മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസും ക്രോസ് ഓവർ റൗണ്ടിലേക്ക് യോഗ്യത നേടി. പൂൾ ബിയിൽ ജർമ്മനി രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകളും ക്രോസ്ഓവർ റൗണ്ട് കളിക്കും. മൂന്ന് മത്സരങ്ങളും തോറ്റ് ദക്ഷിണാഫ്രിക്കയും ജപ്പാനും പുറത്തായി.