തിരുവനന്തപുരം: ‘പട്ടിണി കിടക്കുന്നവർ കളി കാണേണ്ട’ എന്ന കായിക മന്ത്രി അബ്ദുറഹ്മാന്റെ പരാമർശത്തെ വിമർശിച്ച് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രിയുടെ പരാമർശം കാരണമാണ് ഒഴിഞ്ഞ ഗാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യൻ ആരോപിച്ചു. കായിക പ്രേമികളുടെ അവകാശങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടം കെ.സി.എയ്ക്ക് മാത്രമല്ല സർക്കാരിനു കൂടിയാണെന്ന് മനസിലാക്കി വിവേകത്തിന്റെ പാത സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും പന്ന്യൻ ഫേസ്ബുക്കിൽ കുറിച്ചു.
കായികമന്ത്രി വി.അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. വി.അബ്ദുറഹ്മാന്റെ വിവാദ പരാമർശം കൊണ്ടാണ് കാര്യവട്ടത്ത് പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതെന്ന് വി.ഡി.സതീശൻ വിമർശിച്ചു. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരരുതെന്നാണ് കായികമന്ത്രി പറഞ്ഞത്. ശൂന്യമായ ഗാലറിക്ക് മുന്നിലാണ് കളി നടന്നത്. മലയാളികളുടെ ആത്മാഭിമാനം ഇനി ചോദ്യം ചെയ്യപ്പെടരുതെന്നും സതീശൻ വിമർശിച്ചു.