ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന ബിജെപിയുടെ റോഡ്ഷോ ഇന്ന് തലസ്ഥാനത്ത് നടക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച മോദിയെ അനുമോദിക്കുന്നതിനാണ് റോഡ്ഷോ. സൻസദ് മാർഗിലെ പട്ടേൽ ചൗക്ക് വളവിൽ നിന്ന് ജയ് സിങ് റോഡ് ജങ്ഷൻ വരെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് റോഡ്ഷോ. പരിപാടിയിൽ വലിയ ആൾക്കൂട്ടത്തിന് സാധ്യതയുണ്ട്. സുഗമമായ ഗതാഗത നിയന്ത്രണം ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച നടത്താനിരുന്ന റോഡ്ഷോയാണ് പാർട്ടി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പ്രധാനമന്ത്രിയെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും റോഡ് ഷോയിൽ പങ്കെടുക്കും. ബിജെപി ദേശീയ നിർവാഹക സമിതി യോഗവും തിങ്കളാഴ്ച ഡൽഹിയിൽ ആരംഭിക്കും.
ഈ വർഷം നടക്കാനിരിക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. തിങ്കളാഴ്ച വൈകിട്ട് നാലിന് ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൊതുയോഗം പാർട്ടി പ്രസിഡന്റ് ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷമുള്ള ആദ്യ പ്രധാന യോഗമാണ് ഇന്ന് നടക്കുന്നത്.