പത്തനംതിട്ട: ശബരിമല മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപം വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ കാരയ്ക്കാട് പള്ളിപ്പടി പാലക്കുന്നുമോടിയിൽ രജീഷ് (35) ആണ് മരിച്ചത്.
അപകടത്തിൽ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി എം.ആർ.ജയകുമാർ (47) ആറാം തീയതി മരിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപത്തെ വെടിപ്പുരയിലാണ് അപകടമുണ്ടായത്. ജയകുമാർ ചെറിയ ടിൻ ഷെഡിലിരുന്ന് വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ജയകുമാറിനൊപ്പം ഉണ്ടായിരുന്ന അമൽ (28), രജീഷ് (35) എന്നിവർക്കും പൊള്ളലേറ്റു. അമലിന്റെ മുഖത്തും രജീഷിന്റെ കാലിലുമാണ് പൊള്ളലേറ്റത്.