കൊച്ചി: കളമശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അഴുകിയ മാംസം കൊച്ചിയിലെത്തിച്ച ജുനൈസിനെ പ്രതിയാക്കിയാണ് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് നഗരസഭ റിപ്പോർട്ട് കൈമാറി.
പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രീതിയിൽ മനഃപൂർവ്വം പ്രവർത്തിച്ചു എന്നതുൾപ്പെടെ രണ്ട് വകുപ്പുകൾ പ്രകാരമാണ് ജുനൈസിനെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിലാണ്. ജുനൈസ് മാംസം കൊച്ചിയിലേക്ക് കൊണ്ടുവന്നത് ആരുടെ സഹായത്തോടെയാണ്, ആരൊക്കെയാണ് ജുനൈസിൽ നിന്ന് ചീഞ്ഞ മാംസം വാങ്ങി ഷവർമ വിളമ്പിയത് എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. ജുനൈസിനെ കണ്ടെത്തി മൊഴിയെടുത്താൽ മാത്രമേ അന്വേഷണം ഇതിലേക്ക് എത്തുകയുള്ളൂ. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫാണ്. സുനാമി ഇറച്ചി ഇടപാടിനായി ജുനൈസിന് വീട് വാടകയ്ക്ക് നൽകിയ വ്യക്തിയെക്കുറിച്ചും അന്വേഷണമുണ്ടാകും. ജുനൈസിന്റെ അറസ്റ്റിനായി മണ്ണാർക്കാട് ഉൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.