മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരക സ്ഥാനത്ത് നിന്ന് സൽമാൻ ഖാൻ തൽക്കാലം മാറുമെന്ന് റിപ്പോർട്ടുകൾ. അവസാന എപ്പിസോഡിൽ മാത്രമാണ് സൽമാൻ ഷോയുടെ അവതാരകനായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരും ആഴ്ചകളിൽ സൽമാൻ ഖാന് പകരം കരൺ ജോഹർ ആയിരിക്കും ബിഗ് ബോസിന്റെ അവതാരകൻ.
അനാരോഗ്യത്തെ തുടർന്ന് സൽമാൻ ഖാൻ വിട്ടുനിന്ന ആഴ്ചകളിലും കരണ്‍ ജോഹര്‍ ഈ റോളിലേക്ക് വന്നിരുന്നു. ഇത്തവണ ആരോഗ്യപ്രശ്നമല്ലെന്നും അദ്ദേഹത്തിന്റെ തിരക്കുകളാണ് ബിഗ് ബോസ് ഷോയിൽ നിന്ന് താൽക്കാലികമായി പിൻമാറാൻ കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.
‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രമാണ് അടുത്തതായി സല്‍മാന്റെതായി ഇറങ്ങാനിരിക്കുന്നത്. ബോളിവുഡ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അതിൽ ഇനിയും കുറച്ച് ജോലികൾ ബാക്കിയുണ്ട്. ടൈഗർ 3 യുടെ ചിത്രീകരണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ തിരക്കുകളാണ് ബിഗ് ബോസിന്റെ അവതാരക സ്ഥാനത്ത് നിന്ന് ഒഴിയാൻ കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ കളേഴ്സ് ചാനലോ ഷോയുടെ നിർമ്മാതാക്കളോ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.