കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് ബന്ധുക്കൾ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്ന് തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആന്റണിയും വ്യക്തമാക്കി. കൂടുതൽ നഷ്ടപരിഹാരം, കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി, കടുവയെ വെടിവച്ച് കൊല്ലുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ.
അതേസമയം കടുവയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. ആദ്യഘട്ടത്തിൽ നാല് ഗ്രൂപ്പുകളിലായി 30 പേരാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ രാത്രി കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നിൽ എത്തിച്ചിട്ടുണ്ട്. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടി വെച്ച് പിടിക്കാനാണ് ശ്രമം. വിവിധ സ്ഥലങ്ങളിൽ എട്ട് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിക്ഷേധിച്ച് മാനന്തവാടി താലൂക്കിൽ ഇന്ന് യു.ഡി.എഫും ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. കടുവ ശല്യം തുടരുന്ന സാഹചര്യത്തിൽ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എടവക പഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.