തിരുവനന്തപുരം: ശബരിമലയിൽ വിതരണം ചെയ്ത അരവണയിൽ ചേർത്ത ഏലക്കയിൽ കീടനാശിനി ഉണ്ടെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ലക്ഷം ടൺ അരവണ നശിപ്പിച്ചു. നഷ്ടം ഉത്തരവാദികളായവരിൽ നിന്ന് ഈടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് ഭക്തർ വാങ്ങുന്ന അരവണയിൽ കീടനാശിനി കണ്ടെത്തിയതോടെ വിശ്വാസി സമൂഹം ഞെട്ടലിലാണ്. ഹൈക്കോടതി പരിശോധിച്ചില്ലായിരുന്നെങ്കിൽ ഇത് പുറത്ത് വരില്ലായിരുന്നു. ഈ സാഹചര്യത്തിൽ അരവണയ്ക്ക് ഉപയോഗിക്കുന്ന ശർക്കര ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വേണ്ടപ്പെട്ട ആർക്കോ വേണ്ടിയാണ് ഇപ്പോൾ പരിശോധന കൂടാതെ ഏലക്ക വാങ്ങി ആളുകളെ വഞ്ചിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ വൻ അഴിമതിയാണ് നടക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തണം. കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമലയെ കൊള്ളയടിക്കുകയാണ് ദേവസ്വം ബോർഡ്. സർക്കാർ അതിനെ പിന്തുണയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.