കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനെതിരായ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പ്രിയ വർഗീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നതിന് ആവശ്യമായ അധ്യാപന പരിചയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഇല്ലെന്ന് നവംബർ 16ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീൽ.
“സിംഗിൾ ബെഞ്ച് വിധി നിയമപരമല്ല. അധ്യാപന അനുഭവം വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ച് പരാജയപ്പെട്ടു. എനിക്ക് 11 വർഷവും 20 ദിവസവും അധ്യാപന പരിചയമുണ്ട്. അധ്യാപനം സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തമല്ലെന്ന കണ്ടെത്തൽ തെറ്റാണ്. അധ്യാപനം നാലു ചുവരുകൾക്കുള്ളിൽ പഠിപ്പിക്കലാണെന്ന് ജഡ്ജി അനുമാനിച്ചു. യു.ജി.സി ചട്ടപ്രകാരം നിയമനത്തിന് അർഹതയുണ്ടെന്ന്” പ്രിയ വർഗീസ് അപ്പീലിൽ പറഞ്ഞു.
നിലവിൽ ഒന്നാം റാങ്കുകാരിയായ പ്രിയ ലിസ്റ്റിൽ തുടരേണ്ടതുണ്ടോ എന്നു യോഗ്യതയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ച് സർവകലാശാല തീരുമാനമെടുക്കണം. പരിശോധന പൂർത്തിയാക്കി ലിസ്റ്റ് പരിഷ്കരിച്ച ശേഷം തുടർനടപടി സ്വീകരിച്ചാൽ മതിയെന്നു കോടതി നിർദേശിച്ചു. ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാള വിഭാഗം മേധാവി ജോസഫ് സ്കറിയ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.