വാഷിങ്ടണ്‍: സെർബിയൻ-അമേരിക്കൻ കവിയും പുലിറ്റ്സർ പുരസ്കാര ജേതാവുമായ ചാൾസ് സിമിക് (84) അന്തരിച്ചു. 2007 മുതൽ 2008 വരെ അദ്ദേഹം അമേരിക്കയുടെ ആസ്ഥാന കവിയായിരുന്നു. സെർബിയയിലെ ബെൽഗ്രേഡിൽ ജനിച്ച സിമിക് 20-ാം വയസ്സിൽ ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങി.
1990-ൽ 12ഓളം കവിതാ സമാഹാരങ്ങൾ രചിച്ച ചാൾസ് സിമിക്കിന്റെ ‘ദി വേൾഡ് ഡസിന്റ് എൻഡ്’ എന്ന പുസ്തകത്തിനു പുലിറ്റ്സർ പ്രൈസ് ലഭിച്ചു. ചാൾസ് സിമിക്കിന്റെ കവിതകൾ ഹ്രസ്വമാണെങ്കിലും പ്രതിപാദിക്കുന്ന വിഷയങ്ങൾ വായനക്കാരുടെ ഹൃദയങ്ങളിൽ തുളച്ചുകയറും വിധത്തിലുള്ളതായിരുന്നു.
ചാൾസ് സിമിക്കിന്റെ ആദ്യ പുസ്തകം 1967-ൽ പ്രസിദ്ധീകരിച്ച ‘വാട്ട് ദി ഗ്രാസ് സെയ്സ്’ ആയിരുന്നു. 1996-ലെ ദേശീയ പുസ്തക അവാർഡുകളുടെ അന്തിമ പട്ടികയിൽ ഇടം നേടിയ ‘വാക്കിംഗ് ദി ബ്ലാക്ക് ക്യാറ്റ്’, ‘അൺ എൻഡിംഗ് ബ്ലൂസ്’, ‘ലൂണറ്റിക്’, ‘സ്ക്രിബിൾഡ് ഇൻ ദ ഡാർക്ക്’ എന്നിവ അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു.