തൃശൂർ: ഇരിങ്ങാലക്കുട മുരിയാട് ധ്യാന കേന്ദ്രത്തിൽ ആൾക്കൂട്ട മർദ്ദനവുമായി ബന്ധപ്പെട്ട് 11 സ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ചാലക്കുടി കോടതിയാണ് 11 സ്ത്രീകളെ റിമാൻഡ് ചെയ്തത്. എംപറർ ഇമ്മാനുവൽ പള്ളിയിലെ വിശ്വാസികളാണ് റിമാൻഡിൽ കഴിയുന്ന സ്ത്രീകൾ. സഭ വിട്ട മുരിയാട് സ്വദേശി ഷാജിയെയാണ് ഒരു സംഘം സ്ത്രീകൾ മർദ്ദിച്ചത്.
ആൾക്കൂട്ട മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് അറസ്റ്റ്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഷാജി, മകൻ സാജൻ, ഭാര്യ ആഷ്ലിൻ, ബന്ധുക്കളായ എഡ്വിൻ, അന്വിൻ എന്നിവരെയാണ് കാറിൽ യാത്ര ചെയ്യുന്നതിനിടെ മർദ്ദിച്ചത്.
ഷാജിയുടെ കുടുംബം സഭാ ബന്ധം ഉപേക്ഷിച്ച ശേഷം സാജൻ അവിടത്തെ ഒരു സ്ത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ചാണ് സ്ത്രീകൾ തടഞ്ഞത്. അതേസമയം, ആളൂർ പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടയിലാണ് കൂട്ടയടി നടന്നത്. ഇരു സംഘങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.