കോട്ടയം: വിവാദ പരാമർശത്തിനു പിന്നാലെ മന്ത്രി വി.എൻ.വാസവനും നടൻ ഇന്ദ്രൻസും ഒരേ വേദിയിൽ. കോട്ടയം പാമ്പാടിയിലാണ് സംഭവം. മന്ത്രിയോട് തനിക്ക് വിരോധമില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസ് ഒരു മികച്ച നടനാണെന്നും വാസവൻ വിവരിച്ചു.
പാമ്പാടിയിലെ സ്വകാര്യ സ്കൂളിന്റെ വാർഷികാഘോഷത്തിനിടെയാണ് ഇന്ദ്രൻസും മന്ത്രി വി.എൻ വാസവനും കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ദ്രൻസ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ചടങ്ങിനു അരമണിക്കൂർ മുമ്പ് എത്തിയ മന്ത്രിയുടെ അടുത്ത് ഇന്ദ്രൻസ് എത്തുകയും തുടർന്ന് ഇരുവരും സുഹൃത്തുക്കളെപ്പോലെ കൈകോർത്ത് സ്റ്റേജിലേക്ക് നടക്കുകയും ചെയ്തതോടെ വിവാദങ്ങളുടെ നാളുകൾ അവസാനിച്ചു.
കലാ കേരളത്തിന്റെ അഭിമാനമാണ് ഇന്ദ്രൻസ് എന്ന് വി എൻ വാസവൻ പറഞ്ഞു. അഭിനയിച്ച മറക്കാനാകാത്തത്രയും സിനിമകൾ നമ്മുടെ മുന്നിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട്ടിലെ പരിപാടിയിലേക്ക് മന്ത്രി ക്ഷണിച്ചതിലും ഇന്ദ്രൻസ് സന്തോഷം പ്രകടിപ്പിച്ചു.