കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ മൂന്നാം സ്ഥാനത്ത് എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ ടെസ്റ്റിന്റെ നാളുകളാണ്. ബ്ലാസ്റ്റേഴ്സിനായി ശേഷിക്കുന്ന എട്ട് മത്സരങ്ങളിൽ അഞ്ചെണ്ണവും എതിരാളികളുടെ ഗ്രൗണ്ടിലാണ്. ജംഷഡ്പൂർ എഫ്സിക്കെതിരെ ആധികാരിക ജയത്തോടെ പുതുവർഷത്തിലേക്ക് പ്രവേശിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആവേശവും ആശങ്കയും പകരുന്നതായിരുന്നു മത്സരം.
ഈ സീസണിൽ ടീമിന്റെ നട്ടെല്ലായി മാറിയ ഉക്രേനിയൻ മിഡ്ഫീൽഡർ ഇവാൻ കലുഷ്നിയുടെ അഭാവം മറികടക്കാൻ കഴിഞ്ഞുവെന്നതും പ്ലെയിംഗ് ഇലവനിൽ ഇടം നേടിയ ഓസ്ട്രേലിയൻ ഫോർവേഡ് അപ്പോസ്തലസ് ജിയാനു കിട്ടിയ അവസരം മുതലാക്കിയതും ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകമാണ്. മികച്ച ഗോളും അസിസ്റ്റുമായി തിളങ്ങിയ ജിയാനുവിന്റെ സാന്നിദ്ധ്യം ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കൊമനോവിച്ചിന് തന്ത്രപരമായ ഫോർമേഷൻ പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം നൽകും.
മത്സരം ജയിച്ചെങ്കിലും, ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ പരിഹരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമുണ്ടായി. സന്ദീപ് സിംഗിന്റെ നാലാമത്തെ മഞ്ഞക്കാർഡ്. മുംബൈയ്ക്കെതിരായ കടുത്ത പോരാട്ടത്തിൽ സന്ദീപിന് കളിക്കാൻ കഴിയില്ല. ഗോൾകീപ്പർ പ്രഭ്സുഖാൻ ഗിൽ, മലയാളി വിങ്ങർ കെ പി.രാഹുൽ എന്നിവർ വിലക്കിന്റെ വക്കിലാണ്.