മനാമ: വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി ബഹ്റൈനിലെ പ്രവാസി മലയാളികളും. കൊറോണ പ്രതിസന്ധിക്ക് ശേഷം നാട്ടിലും ഗൾഫിലും ഉൾപ്പെടെ ആഘോഷങ്ങൾ വീണ്ടും സജീവമാകുകയാണ്.
അതുകൊണ്ടുതന്നെ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്. വിഷു ഒരുക്കങ്ങളുമായി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ് തയ്യാറായിക്കഴിഞ്ഞു.
ഇത്തവണത്തെ വിഷു അവധി ദിവസമായ വെള്ളിയാഴ്ച ആയതിനാൽ മലയാളികളുടെ വിഷു കെങ്കേമമാകും. പരമ്പരാഗതമായ വിഷു ആഘോഷങ്ങൾക്ക് ആവശ്യമായ കേരള വിഭവങ്ങൾ ഇതിനോടകം എത്തിക്കഴിഞ്ഞു. കണിയൊരുക്കാനാവശ്യമായ വെള്ളരി, കണിക്കൊന്ന ഉൾപ്പെടെയുള്ളവയുടെ പ്രത്യേക പാക്കറ്റുകളും കേരളത്തിൽ നിന്ന് എത്തിയിട്ടുണ്ട്. അതോടൊപ്പം വിവിധ തരത്തിലുള്ള പായസങ്ങൾ, അലുവകൾ ഉൾപ്പെടെയുള്ള വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഒപ്പം വിഷു കോടിയും പ്രത്യേക ഓഫറുകളും ഒരുക്കി ലുലു ഹൈപ്പർമാർക്കറ്റും തയ്യാറായിക്കഴിഞ്ഞു.