മനാമ: ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫിയുടെ രക്ഷാകർതൃത്വത്തിൽ, മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ഗോൾഡ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി ഒരു പോഡിയത്തിൽ സ്വർണ്ണ ബാർ സ്ഥാപിച്ചുകൊണ്ട് നിർവഹിച്ചു. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റിസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സിഇഒ ഡോ. നാസർ ഖാഇദി എന്നിവരുടെ സാന്നിധ്യത്തിലാണ് മേളയുടെ ആരംഭം കുറിച്ചത്.
സൂഖ് അൽ മനാമ വികസന സമിതി അംഗങ്ങൾ, വ്യാപാര സമൂഹത്തിലെ പ്രതിനിധികൾ, സ്വർണ വ്യാപാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 300-ലധികം സ്വർണ്ണക്കടകളുടെ പങ്കാളിത്തം, ബഹ്റൈന്റെ സ്വർണ്ണ ചരിത്രത്തെക്കുറിച്ചുള്ള കലാപരവും വിജ്ഞാനപ്രദവുമായ കാര്യങ്ങളെ കുറിച്ച് അടുത്തറിയാനുള്ള അവസരം, നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരം എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്. ബഹ്റൈൻ കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാസൃഷ്ടികൾ, ലൈവ് സംഗീത പരിപാടികൾ എന്നിവയും അരങ്ങേറും.
സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിച്ചുകൊണ്ട് സൂഖ് അൽ മനാമയെ ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കാനാണ് മനാമ ഗോൾഡ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. ഏപ്രിൽ 13 മുതൽ മെയ് 27 വരെയാണ് ഫെസ്റ്റിവൽ നടക്കുക.
മനാമ ഗോൾഡ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിൽ 12 രാജ്യങ്ങളിൽ നിന്നുള്ള 1,549 ഷോപ്പർമാർ പങ്കെടുത്തു. മൊത്തം 1.25 ദശലക്ഷം ബഹ്റൈൻ ദിനാറിന്റെ വിൽപ്പനയാണ് നടന്നത്.