ജപ്പാൻെറ തലസ്ഥാനമായ ടോക്യോയില്‍ ഒളിമ്പിക്സിൻെറ ഉദ്ഘാടനച്ചടങ്ങിന് വർണാഭമായ തുടക്കം.. ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും മാർച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു. നാല് മണിക്കൂർ നീളുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തിൽ എത്തുന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗും നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 പേർ മാത്രമാണ് അണിനിരന്നത്.

206 സംഘങ്ങളിലായി 11,000ത്തിലേറെ കായികതാരങ്ങളാണ് 32ാമത് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ആഗസ്ത് 8 വരെയാണ് മത്സരങ്ങൾ നീണ്ടുനിൽക്കുക. മേളയുടെ ഉദ്ഘാടന ദിവസം ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകമായ തുടക്കമാണ് ലഭിച്ചത്. അമ്പെയ്ത്ത് വനിതാ സിംഗിൾ യോഗ്യത മത്സരത്തിൽ ലോക ഒന്നാം റാങ്കുകാരി ഇന്ത്യയുടെ ദീപിക കുമാരി 663 പോയന്റോടെ ഒൻപതാമതായാണ് ഫിനിഷ് ചെയ്തത്.
രാഷ്ട്രത്തലവൻമാരും പ്രതിനിധികളും സ്പോൺസർമാരും ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ആയിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം. കാണികളില്ലാതെയാണ് ഇത്തവണത്തെ കായിക മേള നടക്കുന്നത്.
