അബുദാബി: യു.എ.ഇയിൽ ഇന്നും നാളെയും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എമിറേറ്റുകളുടെ ചില ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകുകയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
അൽ ഫലാഹ്, ബനി യാസ്, അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ, അൽ ഐനിന്റെ ചില ഭാഗങ്ങൾ, അൽ ദഫ്ര മേഖല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ നേരിയ മഴ ലഭിച്ചു. ഇന്ന് ദുബായിൽ 32 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും വരെ താപനില എത്തുമെങ്കിലും ചില സമയങ്ങളിൽ മേഘാവൃതമായിരിക്കുമെന്ന് എൻസിഎം അറിയിച്ചിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ചിലപ്പോൾ പൊടിയും മേഘാവൃതവുമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്ക്, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നേരിയ കാറ്റിനും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ താപനിലയിൽ കാര്യമായ കുറവുണ്ടാകും.
ബുധനാഴ്ചയോടെ മഴ കുറയും. ദുബായിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ 27 ഡിഗ്രി സെൽഷ്യസും വെള്ളിയാഴ്ച 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. തലസ്ഥാനത്തും സമാനമായ കാലാവസ്ഥ അനുഭവപ്പെടും. കഴിഞ്ഞ ആഴ്ച ദുബായ്, ഷാർജ, റാസൽഖൈമ, മസാഫി, അൽ ഐൻ, ഘന്തൂത്, അബുദാബി നഗരത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ നേരിയ മഴ ലഭിച്ചിരുന്നു.