
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായപ്രവാഹം. സര്‍ക്കാരിന് പുറമെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ലുലുവും കല്യാണ്‍ ജ്വല്ലേഴ്സും അടിയന്തര ധനസഹായം വാഗ്ദാനം ചെയ്തു. ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടിഎസ് കല്യാണരാമന് അറിയിച്ചു. ഈ തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്ക് കൈമാറി.
മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ചെയര്മാന് എം എ യൂസഫലി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി 2 ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിക്കും. കൂടാതെ, ഇവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന ആറ് മാസത്തെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.


