തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യത. നാളെ (26-03-2023) രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഓഷ്യാനോഗ്രാഫിക് റിസർച്ച് അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം ജനങ്ങൾ അപകട മേഖലകളിൽ നിന്ന് മാറി നിൽക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. ബോട്ടുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് കൂട്ടിയിടിക്കാനുള്ള സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രയും കടലിലെ വിനോദ പ്രവർത്തനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.