
മനാമ: ബഹ്റൈനിലെ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ തൊഴിൽ ചട്ടം പ്രാബല്യത്തിൽ. നിലവിലെ വർക്ക് പെർമിറ്റിൽ തുടർന്നുകൊണ്ട് തന്നെ മറ്റൊരു സ്ഥാപനത്തിൽ താൽക്കാലികമായി ജോലി ചെയ്യാൻ അനുമതി നൽകുന്നതാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) പുതിയ തീരുമാനം.
ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള വിദേശ ജീവനക്കാരെ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലികമായി പങ്കുവെക്കാൻ പുതിയ ചട്ടം വഴി സാധിക്കും. വ്യവസായ-വാണിജ്യ മേഖലയിൽ കൂടുതൽ സൗകര്യപ്രദവും അയവുള്ളതുമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
തൊഴിൽ, നിയമകാര്യ മന്ത്രിയും എൽ.എം.ആർ.എ ഡയറക്ടർ ബോർഡ് ചെയർമാനുമായ യൂസഫ് ഖലഫ് ഒപ്പുവെച്ച 2026-ലെ രണ്ടാം നമ്പർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി നടപ്പാക്കിയത്. സെപ്റ്റംബർ 24-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനം നിലവിൽ പ്രാബല്യത്തിലുണ്ട്.
പുതിയ ചട്ടപ്രകാരം, വിദേശ തൊഴിലാളിക്ക് നിലവിലെ വിസ നിലനിർത്തിക്കൊണ്ട് പരമാവധി മൂന്ന് മാസം വരെ രണ്ടാമത്തെ സ്ഥാപനത്തിൽ ജോലി ചെയ്യാം. ഇതിനായി തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. നിലവിലെ തൊഴിലുടമ, തൊഴിലാളിയെ താൽക്കാലികമായി സ്വീകരിക്കുന്ന സ്ഥാപനം, എൽ.എം.ആർ.എ എന്നിവരുടെ അനുമതിയും ആവശ്യമാണ്.
തൊഴിലാളിയെ സ്വീകരിക്കുന്ന സ്ഥാപനം നിലവിലെ സ്ഥാപനത്തിന്റെ അതേ ബഹ്റൈനൈസേഷൻ നിരക്കോ അതിൽ കൂടുതലോ ഉള്ള മേഖലയിലായിരിക്കണം പ്രവർത്തിക്കുന്നത്. ബഹ്റൈനൈസേഷൻ നിരക്ക് കുറവാണെങ്കിൽ എൽ.എം.ആർ.എ ചട്ടങ്ങൾ അനുസരിച്ചുള്ള പ്രത്യേക ഫീസ് ബാധകമാകും.
മൂന്ന് മാസത്തെ താൽക്കാലിക ജോലി കാലയളവിൽ തൊഴിലാളിയുടെ വേതനം, തൊഴിൽ അവകാശങ്ങൾ, മറ്റ് നിയമപരമായ സംരക്ഷണങ്ങൾ എന്നിവ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഇരു തൊഴിലുടമകൾക്കുമുണ്ടാകും. വിവരങ്ങൾ എൽ.എം.ആർ.എയുടെ രേഖകളിൽ ഉൾപ്പെടുത്തിയ ശേഷം തൊഴിലാളിയെയും ഇരു സ്ഥാപനങ്ങളെയും അതോറിറ്റി ഔദ്യോഗികമായി അറിയിക്കും.
ഒരേ ഉടമസ്ഥതയിലോ ഗ്രൂപ്പിലോ ഉൾപ്പെടുന്ന, വ്യത്യസ്ത കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ) നമ്പറുകളുള്ള സ്ഥാപനങ്ങളിലേക്കും ജീവനക്കാരെ താൽക്കാലികമായി നിയോഗിക്കാൻ തൊഴിലുടമകൾക്ക് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ ഈ സ്ഥാപനങ്ങൾക്കും ആവശ്യമായ ബഹ്റൈനൈസേഷൻ മാനദണ്ഡം പാലിച്ചിരിക്കണം. വിദേശ തൊഴിലാളികൾ തൊഴിലുടമ നിർദേശിക്കുന്ന അംഗീകൃത ഔദ്യോഗിക തൊഴിൽ സ്ഥലത്ത് മാത്രമേ ജോലി ചെയ്യാവൂ എന്നും പുതിയ തീരുമാനത്തിൽ വ്യക്തമാക്കുന്നു.


