
മനാമ: മൂവായിരത്തോളം പേർ പങ്കെടുത്ത പരമ്പരാഗത ഓണസദ്യയോടെ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ‘ദി ഓണം ഫിയസ്റ്റ–ആവണി 2026’ ആഘോഷങ്ങൾക്ക് സമാപനമായി. സെപ്റ്റംബർ 24ന് ആരംഭിച്ച ആഘോഷപരിപാടികൾ ഒക്ടോബർ ഒമ്പത് വെള്ളിയാഴ്ച നടന്ന വിഭവസമൃദ്ധമായ സദ്യയോടെയാണ് അവസാനിച്ചത്.
പ്രശസ്ത സദ്യ വിദഗ്ധൻ ജയൻ സുകുമാരപിള്ളയുടെ നേതൃത്വത്തിൽ ക്ലബ് അങ്കണത്തിൽ തയ്യാറാക്കിയ സദ്യയിൽ 29 പരമ്പരാഗത വിഭവങ്ങൾ ഉൾപ്പെടുത്തി. ക്ലബ്ബിന്റെ രക്ഷാധികാരികൾക്കും അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും വാഴയിലയിലാണ് സദ്യ വിളമ്പിയത്. അമദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു.

പരമ്പരാഗത വേഷത്തിലെത്തിയ ക്ലബ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും സദ്യയുടെ ഒരുക്കങ്ങൾക്കും വിളമ്പലിനും നേതൃത്വം നൽകി. വലിയ ജനപങ്കാളിത്തത്തിനിടയിലും ക്രമീകരണങ്ങൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇവരുടെ പ്രവർത്തനം നിർണായകമായി.
കലാ–സാംസ്കാരിക പരിപാടികളും മത്സരങ്ങളും നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഓണാഘോഷം. സിനിമാറ്റിക് ഡാൻസ്, പായസമത്സരം, വടംവലി, ഓണപ്പുടവ, ഓണപ്പാട്ട് തുടങ്ങിയ മത്സരങ്ങളിൽ അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. നൂറിലധികം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി.
ഋതു മ്യൂസിക് ബാൻഡിന്റെ സംഗീതാവതരണവും ‘പാട്ട് ഫാമിലി’യിലെ കലാകാരന്മാരും ഷഹീർ മൊയ്തു പൂലക്കത്തും നേതൃത്വം നൽകിയ മെഗാ സംഗീതപരിപാടിയും ആഘോഷങ്ങൾക്ക് നിറംപകർന്നു.
പരിപാടികളുടെ വിജയത്തിന് പിന്തുണ നൽകിയ സ്പോൺസർമാർക്ക് ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. മുഖ്യ കോർഡിനേറ്റർമാർ, വിവിധ ഏകോപന സംഘങ്ങൾ, ക്ലബ് അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ‘ആവണി 2026’ വിജയകരമാക്കിയതെന്നും കമ്മിറ്റി വ്യക്തമാക്കി.


