
ചണ്ഡീഗഡ്: ഹരിയാനയിലെ കുരുക്ഷേത്ര എൻഐടിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർഥിനി ദീക്ഷ ദുബെ ആത്മഹത്യ ചെയ്തു. ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫോൺ വിളിച്ചിട്ട് ദീക്ഷ എടുക്കാത്തതിനെത്തുടർന്ന് മറ്റു വിദ്യാർഥികൾ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിവിളിച്ചു.
പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഐടിയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്.
ദീക്ഷയുടെ മരണത്തിനു പിന്നാലെ ക്യാംപസിൽ വൻ വിദ്യാർഥി പ്രതിഷേധം നടന്നു. എന്‍ഐടി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണമാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. പെണ്‍കുട്ടിയുടെ മുറി തുറന്നത് നാലു മണിക്കൂറിനു ശേഷമാണെന്നും മരണം സ്ഥിരീകരിച്ചത് ഡോക്ടര്‍ ജനലിലൂടെ നോക്കിയാണെന്നും ആരോപണമുണ്ട്.

മൃതദേഹം കോളജിലെ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും മൃതദേഹം താഴെയിറക്കിയത് സുഹൃത്തുക്കളാണെന്നും പറയുന്നു. അധികൃതര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഏപ്രിൽ 17 മുതൽ മെയ് 4 വരെ കോളേജ് അവധി പ്രഖാപിച്ചു.



