തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന ഒരു സമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം. എന്നിട്ട് അതിനെയെല്ലാം കേന്ദ്ര അവഗണനയാണെന്ന് വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണ്. ആ കാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷവും ഒപ്പംനില്‍ക്കുന്നു. 14-ാം ധനകാര്യ കമ്മീഷനില്‍നിന്ന് 15-ാം ധനകാര്യ കമ്മീഷനിലേക്ക് മാറിയപ്പോള്‍ 2.5 ശതമാനം നികുതിവിഹിതമുണ്ടായിരുന്നത് 1.92 ആക്കിയതിനെ തങ്ങളും എതിര്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിന്റെയൊപ്പം സമരത്തിന് പോകാത്തതിന്റെ കാരണം പലതവണ വ്യക്തമാക്കിയതാണ്. കേരളത്തിന്റെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണവും കേന്ദ്രത്തിന്റെ അവഗണനയാണെന്ന ആഖ്യാനമുണ്ടാക്കി കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്.