ഒട്ടാവ: ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പ്രതിഷേധ ആഹ്വാനത്തെത്തുടർന്ന് കാനഡയിലെ ഇന്ത്യൻ മിഷനുകൾക്ക് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഒട്ടാവ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകൾക്ക് പുറത്ത് ബാരിക്കേഡുകൾ ഉപയോഗിച്ച് സുക്ഷാവലയവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, പ്രദേശത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ലോക്കൽ പോലീസിനെയും ഫെഡറൽ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപാതകത്തിൽ ഇന്ത്യയുടെ ബന്ധം അന്വേഷിക്കുമെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. ട്രൂഡോയുടെ ആരോപണങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ഇരു രാജ്യങ്ങളും ഓരോ നയതന്ത്രജ്ഞരെ പുറത്താക്കി. കനേഡിയൻ പൗരൻമാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിസന്ധിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഖാലിസ്ഥാനി സംഘടനകളുടെ പ്രതിഷേധാഹ്വാനം.
നിജ്ജാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ എംബസികൾക്കും ടൊറന്റോ, ഒട്ടാവ, വാൻകൂവർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾക്കും പുറത്ത് നടക്കുന്ന പ്രകടനങ്ങൾക്ക് തന്റെ സംഘടന നേതൃത്വം നൽകുമെന്ന് കാനഡയിലെ സിഖ് ഫോർ ജസ്റ്റിസിന്റെ ഡയറക്ടർ ജതീന്ദർ സിംഗ് ഗ്രെവാൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ അംബാസഡറെ പുറത്താക്കാൻ കാനഡയോട് ആവശ്യപ്പെടുകയാണെന്നും ഗ്രെവാൾ പറഞ്ഞു.