മനാമ: വേനൽ ചൂട് കാരണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഏർപ്പെടുത്തുന്ന മദ്ധ്യാഹ്ന തൊഴിൽ നിയന്ത്രണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ തുറസായ സ്ഥലങ്ങളിൽ ജോലികൾ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തുന്നത് .
തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക, ചൂട്, ക്ഷീണം, സൂര്യാഘാതം എന്നിവയ്ക്കെതിരായ അവരുടെ സുരക്ഷ ഉറപ്പുവരുത്തുക, വേനൽക്കാല സംബന്ധമായ രോഗങ്ങൾ തടയുക, തൊഴിലിടങ്ങളിലെ അപകടം കുറയ്ക്കുക തുടങ്ങിയവയാണ് മധ്യാഹ്ന തൊഴിൽ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്. നിയമനിർമ്മാണത്തിലെ വ്യവസ്ഥകൾ പാലിക്കാൻ തൊഴിലുടമകളെയും തൊഴിലാളികളെയും പ്രേരിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിൻ തൊഴിൽ മന്ത്രാലയം ആരംഭിച്ചു.
തൊഴിലാളികളുടെ സുരക്ഷയിലും ആരോഗ്യത്തിലും ഉൽപാദനക്ഷമതയിലും ഉയർന്ന താപനിലയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വർക്ക് ഷോപ്പുകൾ, പോസ്റ്റുകൾ എന്നിവ വിതരണം ചെയ്തു. വേനൽക്കാലത്ത് വർക്ക് സൈറ്റുകളിൽ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വെർച്വൽ വർക്ക് ഷോപ്പുകൾ തൊഴിൽ മന്ത്രാലയം ആരംഭിച്ചു.
ജീവനക്കാർക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന് തൊഴിലുടമകൾ ശ്രദ്ധിക്കണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. നിയമ ലംഘകർക്ക് 500 ബഹ്റൈൻ മുതൽ 1000 ബഹ്റൈൻ ദിനാർ വരെ പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവയ്ക്കേണ്ടി വരും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. കഴിഞ്ഞ വർഷങ്ങളിൽ സ്വകാര്യമേഖലയിലെ ശരാശരി 98 ശതമാനം കമ്പനികളും നിയമം പാലിച്ചിട്ടുണ്ട്.