
മനാമ: ബഹ്റൈനിൽ ബലിപെരുന്നാൾ നമസ്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുന്നി എൻഡോവ്മെന്റ് കൗൺസിൽ അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പ്രധാന പള്ളികളിലുമായി മെയ് 27 ബുധനാഴ്ച രാവിലെ 5:05 നാണ് പെരുന്നാൾ നമസ്കാരം നടക്കുക. മലയാളികൾ ഉൾപ്പെടുന്ന പ്രവാസി കമ്മ്യൂണിറ്റികൾക്ക് ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ പ്രത്യേക നമസ്കാര സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് ഗാഹുകൾ പ്രവർത്തിക്കുന്ന പ്രധാന സ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യം ഉറപ്പാക്കുന്നതിനുമായി ചില സമീപ പ്രദേശങ്ങളിലെ പള്ളികൾ ഈ സമയത്ത് അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി.


