തിരുവനന്തപുരം: മദ്യപിച്ച് വീട്ടിൽ അതിക്രമിച്ച കയറിയ പൊലീസുകാരന് നഗര മദ്ധ്യത്തിലെ നടുറോഡിൽ ക്രൂര മർദ്ദനം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ ബിജു ജി.ആർ. നായരെ മർദ്ദിച്ച കേസിൽ സി.പി.എം വാൻറോസ് ജംഗ്ഷൻ ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്.ബിജുവിനെ ഇവർ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് അറസ്റ്റ് .
ബേക്കറി ജംഗ്ഷനിൽ ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം . മദ്യപിച്ച് ബേക്കറി ജംഗ്ഷനിൽ സെൽവരാജിന്റെ വീട്ടിൽ കയറിയതിനാണ് ബിജുവിന് മർദ്ദനമേറ്റത്. പരിചയമില്ലാത്ത ആൾ വീട്ടിൽക്കയറി പ്രശ്നമുണ്ടാക്കിയതോടെ വീട്ടുകാർ ബഹളം വച്ചു. ഇത് കേട്ടെത്തിയ ചുമട്ടുതൊഴിലാളികൾ ബിജുവിനെ വീടിന് പുറത്തിറക്കി .അതോടെ,സെൽവരാജ്, സഹോദരൻ സുന്ദരൻ, സുഹൃത്ത് അഖിൽ എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ബിജു മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബിജുവിന്റെ തലയ്ക്കും മുതുകിനുമടക്കം ഇടിക്കുകയും. വടി കൊണ്ട് അടിക്കുകയും ചെയ്തു. തടയാൻ ബിജു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തൂക്കിയെടുത്ത് ഫുട്പാത്തിലേക്കിടുകയും ചെയ്തു. മ്യൂസിയം പൊലീസ് എത്തിയതോടെയാണ് ഇയാൾ പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്നതിന് ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.പള്ളിച്ചൽ മുക്കംപാലമൂട് കല്ലറത്തറ സ്വദേശിയായ ബിജുവിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൃത്യമായി ജോലിക്ക് ഹാജരാകാതിരുന്നതിന് വകുപ്പ്തല അന്വേഷണം നേരിടുകയാണ് ബിജു. ഒരുമാസമായി ഇയാൾ ജോലിക്ക് ഹാജരായിട്ടില്ല. ബിജു മദ്യപിച്ചിരുന്നില്ലെന്നും ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ബിജു ജോലി ചെയ്യുന്നത്. കോഴിക്കോടായിരുന്ന ബിജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.