ന്യൂഡൽഹി: ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് 12 വർഷം പൂർത്തിയായ വേളയിൽ രാജ്യത്തിന്റെ വ്യവസായ വളർച്ചയും കയറ്റുമതി നേട്ടങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ തദ്ദേശീയ ഉൽപ്പാദനം, നിക്ഷേപം, കയറ്റുമതി എന്നിവയാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി കഴിഞ്ഞ 12 വർഷത്തെ നേട്ടങ്ങൾ വിശദീകരിച്ചത്. പ്രതിരോധ മേഖലയിൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് കയറ്റുമതി രാജ്യമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ൽ 690 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി നിലവിൽ 38,400 കോടി രൂപയിലെത്തി—5,500 ശതമാനത്തിലധികം വർധന.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി 15.5 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും 23.8 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനവും വിൽപ്പനയും നടന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ഇപ്പോൾ രാജ്യത്ത് തന്നെയാണ് നിർമ്മിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. #12YearsOfMakeInIndia എന്ന ഹാഷ്ടാഗോടെയാണ് പ്രധാനമന്ത്രി നേട്ടങ്ങൾ പങ്കുവെച്ചത്.

