
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന രാഷ്ട്രീയ പ്രേരിത റെയ്ഡിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ബഹ്റൈൻ പ്രതിഭ.
കോടതി പലതവണ പിണറായി വിജയനും എക്സാലോജിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടും, ഇത്തരമൊരു വേട്ടയാടൽ തുടരുന്നത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയും രാഷ്ട്രീയ പ്രതികാരവുമാണ്.

മകളുടെ പിതാവ് എന്ന ഏകകാരണത്താൽ ഒരു മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ ആക്രമണം ക്ഷമിക്കാനാവാത്ത രാഷ്ട്രീയ ക്രൂരതയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഈ റെയ്ഡ് നടത്തിയത് യാദൃച്ഛികമല്ല. ഇത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയും പ്രതികാര നാടകവുമാണ്.
സിഎംആർഎലിന്റെ ഡയറിയിൽ പരാമർശിക്കപ്പെട്ട ഒട്ടേറെ പേരുകൾ ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ സുഖമായി ഇരിക്കുമ്പോൾ, അവരോട് പൂർണമായും കണ്ണടച്ച് പിണറായി വിജയന്റെ പിന്നാലെ മാത്രം കടുത്ത വേട്ടയാടൽ നടത്തുന്നത് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പകപോക്കലാണ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റി എതിരാളികളെ ഇല്ലാതാക്കാനുള്ള ഈ ശ്രമം ജനാധിപത്യത്തിന്റെ കൊലപാതകമാണ്.
ഈ ഫാസിസ്റ്റ് രീതികൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ജനങ്ങളിൽ നിന്നും ഉയർന്നു വരുമെന്നും ഈ രാഷ്ട്രീയ പകപോക്കലിനെ ശക്തമായി അപലപിക്കുന്നുവെന്നും പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡന്റ് കെ വി മഹേഷും പ്രസ്താവനയിലൂടെ അറിയിച്ചു.


