തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് വിട്ട് ആളുകൾ പോവുന്നതിനെ സ്വാഭാവിക പ്രക്രിയയായി മാത്രം കണ്ടാമതിയെന്ന് പിണറായി പ്രതികരിച്ചു. കോൺഗ്രസ് തകരുന്ന കൂടാരമാണ്. ചിന്തിക്കുന്ന പലരും ആ തകർച്ചയിൽ കൂടെ നിൽക്കേണ്ട എന്ന് കരുതിക്കാണുമെന്നും അതാണ് ഇപ്പോഴത്തെ നിലയിലേക്ക് കോൺഗ്രസിലെ കാര്യങ്ങൾ എത്തിച്ചതെന്നും പിണറായി പറഞ്ഞു.
‘പ്രധാനപ്പെട്ടവർ തന്നെ കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാവുന്നു എന്നത് നല്ല കാര്യമാണ്.ഇന്നലെ വിചാരിച്ചത് ഇന്നലെത്തോടെ പ്രധാനികൾ തീർന്നു എന്നാണ്.
എന്നാൽ ഇന്നും ഒരു പ്രധാനി വന്നു എന്നും കണ്ടു. ഇനി നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയണമെന്നും പിണറായി കൂട്ടിച്ചേർത്തു.
“നേരത്തെ കോൺഗ്രസ് വിടാൻ തയ്യാറായവർ ബിജെപിയിലേക്ക് പോകുകയാണ് ചെയ്തത്. അങ്ങനെ ബിജെപിക്ക് ചാടും എന്ന ഭീതികാരണം പലരേയും നിലനിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടതും പരസ്യമായ കാര്യമാണ്.
എന്നാൽ ഇപ്പോൾ ഉണ്ടായ ഗുണപരമായ കാര്യം ബിജെപി നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും മൂല്യങ്ങൾക്കും എതിരായ നിലപാട് എടുക്കുമ്പോൾ
ആ രീതിയിൽ കണ്ടു കൊണ്ട് നേരിടാൻ അല്ല കോൺഗ്രസ് തയ്യാറാവുന്നതെന്ന് കോൺഗ്രസിനകത്തുള്ളവർക്ക് നന്നായി അറിയാം.
അത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ നിലപാട് എടുക്കുന്നത് ഇടതുപക്ഷമാണെന്ന് അവർ കൃത്യമായി തിരിച്ചറിയുന്ന നിലയുണ്ട്”. അതൊരു നല്ല മാറ്റമാണെന്നും പിണറായി പറഞ്ഞു.
