
ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്കിടയിൽ ഉയർന്നുവരുന്ന പ്രതിഷേധ മനോഭാവവും രാഷ്ട്രീയ അസന്തോഷവും പ്രതിപക്ഷ പാർട്ടികൾ ഗൗരവത്തോടെ ഉൾക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ. സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ അപ്രതീക്ഷിത ജനപ്രീതി പ്രതിപക്ഷത്തിന് വലിയ രാഷ്ട്രീയ അവസരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഇൻസ്റ്റാഗ്രാമിൽ കോടിക്കണക്കിന് ഫോളോവേഴ്സിനെ സ്വന്തമാക്കിയ ഈ ഡിജിറ്റൽ മുന്നേറ്റം യുവാക്കളുടെ മനോഭാവത്തിലെ വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് തരൂർ എക്സിൽ കുറിച്ചു. യുവജനങ്ങളുടെ വികാരങ്ങളും പ്രതിഷേധ ശബ്ദങ്ങളും മനസ്സിലാക്കി, അവരെ രാഷ്ട്രീയ വേദികളിലേക്ക് ആകർഷിക്കാൻ പ്രതിപക്ഷം ശക്തമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഈ ട്രെൻഡ് ഒരു സാധാരണ സോഷ്യൽ മീഡിയ സംഭവമല്ല; യുവാക്കളുടെ നിരാശയും പ്രതികരണവും പ്രകടമാകുന്ന പുതിയ രാഷ്ട്രീയ സൂചനയാണ്,” എന്നാണ് തരൂരിന്റെ വിലയിരുത്തൽ. ഈ സാഹചര്യം പ്രതിപക്ഷം കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത നടപടിയെ തരൂർ വിമർശിച്ചു. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് നിരോധിച്ചത് “ദൗർഭാഗ്യകരവും വിവേകശൂന്യവുമായ നടപടി”യാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കൾക്ക് അവരുടെ വികാരങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ ജനാധിപത്യ വേദികൾ ആവശ്യമാണ് എന്നും തരൂർ കൂട്ടിച്ചേർത്തു.


