തിരുവനന്തപുരം: നിയമസഭയിൽ ബ്രഹ്മപുരം തീപിടിത്തത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വിവാദ കമ്പനിയെ ന്യായീകരിച്ചും മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടുമുള്ള മന്ത്രിയുടെ മറുപടി വലിയ പ്രതിഷേധങ്ങളിലേക്കാണ് വഴി തെളിച്ചത്. ടി.ജെ വിനോദ് എം.എൽ.എയുടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമെന്നാണ് ബ്രഹ്മപുരം തീപിടിത്തത്തെ പ്രതിപക്ഷം നിയമസഭയിൽ വിശേഷിപ്പിച്ചത്. എന്നാൽ ഗുരുതര സാഹചര്യമില്ലെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. കൊച്ചിയിലെ വായു ഡൽഹിയേക്കാൾ മികച്ചതാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി മറുപടി നൽകി. തീ അണയ്ക്കാൻ സ്വീകരിച്ചത് ശാസ്ത്രീയ നടപടിയാണെന്ന് വിദഗ്ദ്ധർ പോലും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.