മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിന്റെ പ്രചാരണത്തിനിടെയാണ് സംഭവം.
വേദിയിൽ ജനങ്ങളെ അഭിസംബോധനചെയ്തു സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായി വീണ ഗഡ്കരിയെ അംഗരക്ഷരും വേദിയിലുണ്ടായിരുന്ന പ്രവർത്തകരുംചേർന്നാണ് താങ്ങിയെടുത്തത്. തുടർന്ന് അടിയന്തര ചികിത്സ നൽകാനായി അദ്ദേഹത്തെ വേദിയിൽനിന്നും കൊണ്ടുപോയി.
റാലിക്കിടെ ചൂടുകാരണം അസ്വസ്ഥതയുണ്ടായെന്നും ഇപ്പോൾ താൻ ആരോഗ്യവാനാണെന്നും അദ്ദേഹം പിന്നീട് എക്സിലൂടെ അറിയിച്ചു. ‘ഞാൻ പൂർണ ആരോഗ്യവാനാണ്. അടുത്ത യോഗത്തിൽ പങ്കെടുക്കാനായി വരുഡിലേക്ക് പോകുന്നു. നിങ്ങളുടെ സുഖാന്വേഷണത്തിന് നന്ദി’- അദ്ദേഹം കുറിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലെ അംഗമാണ് എൻഡിഎ സ്ഥാനാർഥിയായ രാജശ്രീ പാട്ടീൽ.