പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയായ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. കേസിലെ ഇരുവിഭാഗങ്ങളുടെയും വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് വിലയിരുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്.
ചെന്താമര 20 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും, ആ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്ക് പിഴ അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷത്തെ അധിക തടവും അനുഭവിക്കേണ്ടിവരുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
പ്രതിക്ക് മാനസിക വൈകല്യമോ അസ്വസ്ഥതയോ ഇല്ലെന്ന് സൈക്കോളജി, സൈക്ക്യാട്രി വിദഗ്ധരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. “ഞാൻ ഗാന്ധിയല്ല, അങ്ങോട്ട് പ്രശ്നത്തിന് പോകില്ല, ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ല” എന്ന പ്രതിയുടെ കോടതിയിലെ പരാമർശവും വിധിയിൽ കോടതി പരാമർശിച്ചു.
പ്രതിയെ ആരോ പ്രകോപിപ്പിച്ചതാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, ഇരകളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നാണ് കോടതി കണ്ടെത്തിയത്. കൊല്ലപ്പെട്ട സുധാകരന്റെ മകളെ സംബന്ധിച്ച് പ്രതി ചില കുറ്റബോധം പ്രകടിപ്പിച്ചെങ്കിലും, ചെയ്ത കൊലപാതകങ്ങളിൽ യഥാർത്ഥ പശ്ചാത്താപമോ മാനസാന്തരമോ ഇല്ലെന്ന് കോടതി വിലയിരുത്തി.
സമൂഹത്തിന് തുടർച്ചയായ ഭീഷണിയായ പ്രതികൾക്ക് വധശിക്ഷ നൽകാമെന്ന് വിവിധ ഹൈക്കോടതി വിധികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണ് ചെന്താമര കൊലപാതകങ്ങൾ നടത്തിയതെന്നും, വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും വ്യക്തമാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സുധാകരന്റെ മക്കൾക്ക് പ്രതി ഭീഷണിയാണെന്ന വിലയിരുത്തലും കോടതി രേഖപ്പെടുത്തി.

