ടോക്കിയോ: അത്ലറ്റിക്സിൽ ചരിത്ര നേട്ടം. ജാവലിൻ ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര. 87.58 മീറ്ററെറിഞ്ഞാണ് 23കാരനായ നീരജ് ചോപ്ര ഇന്ത്യക്കായി സ്വർണം നേടിയത്. വ്യക്തിഗത ഇനത്തിൽ ഇത് ഇന്ത്യയുടെ രണ്ടാമത് സ്വർണമാണ്. ഷൂട്ടിംഗിൽ 2008 ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര നേടിയതാണ് ഇത്തരത്തിൽ ആദ്യത്തേത്. നീണ്ട 13 വർഷത്തിന് ശേഷമാണ് ഇന്ത്യ ഇത്തരത്തിൽ സ്വർണം നേടുന്നത്.
ഹരിയാന സ്വദേശിയാണ് കരസേനയിൽ സുബേജാറായ നീരജ് ചോപ്ര (23). ആദ്യ ശ്രമം തന്നെ മികച്ചതായിരുന്നു നീരജിന്റേത് 87.03 മീറ്റർ. രണ്ടാമതാണ് സ്വർണം എറിഞ്ഞിട്ട ഏറ് 87.58 മീറ്റർ. മൂന്നാമത് 76.79 മീറ്റർ മാത്രമേ നീരജിന് സാധിച്ചുളളു.

മൂന്ന് റൗണ്ടിൽ മുന്നിട്ട് നിന്ന എട്ട് പേരാണ് ഫൈനലിൽ പ്രവേശിച്ചത്. നാല്, അഞ്ച് റൗണ്ടുകളിൽ നീരജ് എറിഞ്ഞത് ഫൗളായി. എന്നാൽ അവസാന റൗണ്ടിൽ 84.24 മീറ്റർ എറിഞ്ഞു. ചെക് റിപബ്ളിക് താരം വെദ്ലെജെച് 86.67 മീറ്റർ എറിഞ്ഞ് വെളളി നേടി. വെങ്കലം നേടിയതും ചെക് താരം തന്നെയാണ്.85.44 മീറ്ററെറിഞ്ഞ് വെസ്ലി വെങ്കലം നേടി.
തന്റെ ആദ്യ ഒളിമ്പിക്സിനെത്തിയ നീരജ് ചോപ്ര ഒളിമ്പിക്സ് തുടങ്ങുന്നതിനു മുമ്പ് തന്നെ താരമായിരുന്നു. കൃത്യമായി പറഞ്ഞാൽ 2016ൽ ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ, തന്റെ 18ാമത്തെ വയസിൽ 86.48 മീറ്റർ എറിഞ്ഞ് ലോക റെക്കാഡോടു കൂടി സ്വർണം നേടിയ അന്ന് മുതൽ. അന്ന് തുടങ്ങിയതാണ് നീരജിനെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ സ്വപ്നങ്ങൾ.
